8.09.2017

നീല മൈനമുടി നിറയെ നീല മൈനകളെ ചൂടിയിരുന്നു 
ചുണ്ടില്‍ നിറയെ ചുവന്ന പാട്ടുണ്ടായിരുന്നു 
എന്നും മഞ്ഞളുകൊണ്ട് കണ്ണെഴുതിച്ച് 
അവളുടെയാ നീലന്‍ പക്ഷികളെ 
ആകാശം കാണിക്കുമായിരുന്നു .
നെഞ്ചിലെക്കൂട്ടില്‍ ഇഷ്ടങ്ങളുടെ
ചിറകഴിച്ചു വച്ചൊരു
പെണ്‍പക്ഷിയായിരുന്നു ,
ഒറ്റയെന്നപ്പോലെ ഉള്ളിനുള്ളില്‍
ഒറ്റയ്ക്കായിരുന്നു.പൂമ്പാറ്റകളുടെ പാട്ട്
പൂമ്പാറ്റകള്‍ പാടുന്നു 
കാണൂ 
അവയുടെ ചിറകുകള്‍ നിറയെ 
നിറമുള്ള പാട്ട്! 

🦋🦋🦋🦋🦋നിഗൂഡതകള്‍പൊക്കിള്‍ കൊടിയില്‍ നിന്നും വേര്‍പെട്ട്
ജീവന്‍ ഭൂമിയിലേയ്ക്ക് വഴുതിയിറങ്ങുമ്പോള്‍
മരണത്തിന്‍റെ ഒരു ചുരമിറങ്ങാന്‍ തുടങ്ങുക കൂടിയാണ് .
ഒരു ജനനം എന്ന പേരിലെത്ര 
വിരോധാഭാസം എന്ന് അറിയുക .
ചലിക്കുന്നതില്‍ നിന്നും
നിശ്ചതയിലേയ്ക്ക് വികസിപ്പിച്ചെടുത്ത്
ജീവനെ സൂക്ഷമായി കൈമാറ്റം ചെയ്യപ്പെടുന്ന
ഏതോ പരീക്ഷണശാലയാണ് ഈ ലോകം .


തായിഫ്


മരുഭൂമിയുടെ നിഗൂഡതകളൊന്നില്‍ 
കാല്‍ത്തണുപ്പിക്കുമ്പോള്‍ 
നാട്ടുഗന്ധം കൊണ്ടെന്നെ ചുറ്റിപ്പിടിക്കുന്നു
കാറ്റ് ,
കുരുവിക്കൂടുകളെ ഒക്കത്തെടുത്ത്‌ 
നിറഞ്ഞു ചിരിക്കുന്നു ,
മരങ്ങള്‍ .
ഓര്‍മ്മയുടെ കാല്‍വെള്ളകളില്‍
ഒന്നിച്ചു തൊട്ടു നോക്കുന്നീ
അറേബ്യന്‍ പരല്‍മ്മീന്‍ക്കുഞ്ഞുങ്ങളും .
***************************************
അറേബ്യന്‍ ക്ലിക്ക് - ഫ്രം തായിഫ് ,സൗദി അറേബ്യ


8.02.2017

പ്രണയമണിപ്പൂക്കള്‍

                 
                                (ഒന്ന് )

ഹൃദയത്തിൽ നിന്നും ഊറിയത്
ഹൃദയത്തിലേയ്ക്ക് ചാലുകീറിയൊഴുക്കി
നീയതിന് സ്നേഹം എന്ന്
അരുമയോടെ പേരിടുന്നു.
ഞാൻ
നിന്റെ ചുണ്ടിൽ വിരിയുന്ന
പൂവിന്റെ പേരിട്ട്
അതിനെ
ഓർത്തു വക്കുന്നു
                       
                     (രണ്ട് )

ഒരു
മഴക്കാലം ചുംബിച്ച
രണ്ടു ശീതപുഷ്പങ്ങളായിന്നു നാം
രണ്ടുകരകളിലിരുന്നു
മഴയേല്‍ക്കുന്നു ,
ഒരാകാശത്തിലെ
രണ്ടു മഴകളില്‍ നനയുന്നു .
             
                       (മൂന്ന്‍ )

പ്രണയത്തില്‍ ഉലാത്തുമ്പോള്‍
വെള്ളം വീഞ്ഞാകുന്ന ചില നേരങ്ങള്‍
കടലാകുന്ന ചില നേരങ്ങള്‍
ഇടയില്‍ സ്വയം അറിയാതെ രണ്ടുപേര്‍ ,
അപൂര്‍ണ്ണര്‍ !
                     
                                (നാല് )

എന്നെ ക്കാണാതാകുമ്പോള്‍ ഞാന്‍
ഞാന്‍ നിന്നെ തിരഞ്ഞു വരുന്നു
തന്നെത്തന്നെ കാണാതെ
തിരഞ്ഞു നടക്കുന്നോരുവളെ
വഴിയില്‍ കണ്ടുമുട്ടുന്നു .
ഇപ്പോളീ
കുന്നിന്‍ മുകളിലാനപ്പുറം പോലുള്ള
പാറപ്പുറെ കാലുംനീട്ടി
പനങ്കള്ളിന്‍ ചെറുകുടം മോന്തിക്കമിഴ്ത്തി
ചെറുനാരകത്തിന്‍ പുളിയുമെരിവും തോണ്ടിത്തേച്ച്
"ശ്ശ്" ന്നൊച്ചകളെ നാക്കില്‍ നിന്നും
പറത്തിവിട്ടൊരുമിച്ചിരുന്നു
പ്രണയത്തിന്‍ കാറ്റ് കൊള്ളുന്നു .
ഞങ്ങളെക്കണ്ടവരുണ്ടേല്‍ മിണ്ടണ്ട .
_____________________________________

7.30.2017

രാത്രി
ഒരു 
പകല്‍ വിളഞ്ഞു 
പാകമായിരിക്കുന്നു !

ധ്യാനാന്തരം
നമ്മില്‍ത്തന്നെ ധ്യാനമിരിക്കുമ്പോള്‍ 
മൊട്ടില്‍ നിന്ന് പൂവെന്നപോലെയും 
പ്യൂപ്പയില്‍ നിന്നും ശലഭമെന്നപോലെയും 
ആരോ ഒരാള്‍ വിടര്‍ന്നു വന്നേക്കാം 
ആരോ ഒരാള്‍ ചിറകുവിടര്‍ത്തിയേക്കാം !